ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്തു ചാടണോ, വീട്ടില്‍ പോയി കണ്ടതല്ല; വിശദീകരണവുമായി രഞ്ജിത്ത്

നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ചലച്ചിത്രഅക്കാദമി ചെയര്‍മാനും, സംവിധായകനുമായ രഞ്ജിത്ത്. ദിലീപിനെ താന്‍ വീട്ടില്‍ പോയി കണ്ടതല്ല. മധുപാലിനും തനിക്കുമുള്ള തിയേറ്റര്‍ ഉടമകളുടെ അനുമോദന ചടങ്ങിലാണ് സംബന്ധിച്ചത്. സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനാകില്ലെന്നും അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ തന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.ഫിയോകിന്റെ ഭാരവാഹികള്‍ വിളിച്ചിട്ടാണ് താന്‍ പോയത്. ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്തു ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചു.

ഇന്ന് രാവിലെയായിരുന്നു കൊച്ചിയില്‍ ഫിയോകിന്റെ സ്വീകരണ പരിപാടിയില്‍ ദിലീപും രഞ്ജിത്തും വേദി പങ്കിട്ടത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ വേദിയില്‍ നടി ഭാവനയെത്തിയപ്പോള്‍ പോരാട്ടത്തിന്റെ പെണ്‍രൂപമെന്ന് രഞ്ജിത്ത് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലെ പ്രതിയായ നടനെ ജയിലില്‍ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിയലയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരിക്കെ കേസിലെ പ്രതിക്കൊപ്പമെത്തിയത് ചര്‍ച്ചയായതോടെയാണ് രഞ്ജിത്തിന്റെ വിശദീകരണം.

ഇവിടുത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനയാണ് ഫിയോക്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആവുന്നതിനു മുന്‍പും തിയേറ്റര്‍ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാന്‍. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല.” എന്നായിരുന്നു രഞ്ജിത്ത് പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത് കൊച്ചിയിലെത്തിയത്. അതിനിടെയാണ് ഫിയോക് ജനറല്‍ ബോഡി യോഗത്തില്‍ സ്വീകരണം നടന്നത്.