ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിന്റെ പരാജയം തന്നെ പല പാഠങ്ങളും പഠിപ്പിച്ചെന്ന് നിർമാതാവ് ദിൽ രാജു. റിലീസ് ചെയ്ത് ആറു മാസത്തിനു ശേഷം ദിൽ രാജു ക്ഷമാപണം പോലെ പറഞ്ഞ ഈ വാക്കുകളാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്. രാംചരണ് ഒരു ഹിറ്റ് നൽകാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ വരാനിരിക്കുന്ന ചിത്രം ‘തമ്മുടു’വിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ദിൽ രാജു ഇക്കാര്യം പറഞ്ഞത്.
വലിയ സിനിമകൾ ചെയ്യുമ്പോഴും വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോഴും ഈ പ്രശ്നം എപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ കാര്യത്തിലോ ദിൽ രാജു എന്ന നിർമാതാവിന്റെ കാര്യത്തിലോ മാത്രമല്ല. ഇത് മിക്ക വലിയ സിനിമകളിലും സംഭവിക്കുന്നു. ഗെയിം ചെയ്ഞ്ചർ സിനിമയുടെ ദൈർഘ്യം നാലര മണിക്കൂറായിരുന്നു എന്ന് എഡിറ്റർ നൽകിയ പ്രസ്താവന ശരിയാണ്. എന്നാൽ സിനിമ സംവിധാനം ചെയ്യുന്നത് ഒരു വലിയ സംവിധായകനായതുകൊണ്ട്, നമുക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ പ്രതീക്ഷകൾക്കൊടുവിൽ പുറത്തിറങ്ങിയ ‘ഗെയിം ചേഞ്ചർ’ ബോക്സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ച വച്ചത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് എസ് ശങ്കറിന്റെ തെലുങ്ക് അരങ്ങേറ്റമായിരുന്നു ഈ ചിത്രം. കിയാര അദ്വാനി, അഞ്ജലി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, സമുദ്രക്കനി എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്.