വിവാദങ്ങള്‍ക്കിടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി 'ഹിഗ്വിറ്റ'; ജനുവരിയില്‍ റിലീസ്

പേര് വിവാദങ്ങള്‍ക്കിടെ ‘ഹിഗ്വിറ്റ’ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജനുവരി ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ഫിലിം ചേംബറിന്റെ കത്ത് ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

പേരിന്റെ കാര്യത്തില്‍ എന്‍.എസ് മാധവനുമായി ധാരണയില്ലെത്താതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നല്‍കില്ല എന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ദ് ജി. നായര്‍ അംഗീകരിച്ചിരുന്നില്ല.

എന്‍.എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മില്‍ ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഹിഗ്വിറ്റയെന്ന പേരിടാന്‍ എന്‍.എസ് മാധവനില്‍ നിന്ന് അനുമതി തേടണമെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്. നിലവില്‍ ചിത്രത്തിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് സിനിമ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ഹേമന്ദ് ജി നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.