നടി ശ്വേത മേനോന് എതിരായ കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെൻട്രൽ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതയ്ക്കെതിരെ കേസെടുത്തത്.
Read more
അതേസമയം തനിക്കെതിരായ നടപടികൾ വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ശ്വേത പറഞ്ഞത്. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്കാരങ്ങൾ അടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.









