ഹൃദയസ്പര്‍ശി; ജയ്ഭീമിനെയും ജനഗണമനയെയും പുകഴ്ത്തി കുമാരസ്വാമി

സമീപകാലത്ത് യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് ജയ് ഭീമും ജനഗണമനയും. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

ട്വിറ്ററിലൂടെയാണ് കുമാരസ്വാമി ജയ് ഭീമിനേയും ജനഗണമനയേയും പുകഴ്ത്തിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വായിച്ചും സിനിമ കണ്ടുമാണ് സമയം നീക്കിയത്. അങ്ങനെ കണ്ടതാണ് ജയ് ഭീമും ജനഗണ മനയും. രണ്ട് ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടു എന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

രണ്ട് സിനിമകളുടെയും സംവിധായകര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമില്‍ സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍, തമിഴ്, പ്രകാശ് രാജ് എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് വന്‍സ്വീകരണമാണ് ് ലഭിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ നായകന്മാരാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. മികച്ച വിജയം നേടിയ ചിത്രം 2022-ലെ വലിയ വിജയങ്ങളിലൊന്നുകൂടിയായിരുന്നു.