'വേദിക്ക് പുറകില്‍ മടിയിലിരുത്തി ഒരു ചിത്രം..ഗിന്നസ്, ഗിന്നസിന്റെ മടിയില്‍ എന്ന കമന്റും'

എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിന്റെ വിങ്ങലിലാണ് സിനിമാലോകവും ആരാധകരും. അതുല്യ ഗായകനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഗിന്നസ് പക്രു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മടിയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പക്രുവിന്റെ വാക്കുകള്‍.

“”വേദിക്കു പുറകില്‍. മടിയിലിരുത്തി ഒരു ചിത്രം…. ഗിന്നസ്, ഗിന്നസിന്റെ മടിയില്‍ എന്നൊരു കമന്റും ചിരിയും……..അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം…. പ്രണാമം”” എന്നാണ് പക്രു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനാണ് എസ്പിബിക്ക് ഗിന്നസ് റെക്കോഡ് ലഭിച്ചത്. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിട്ടുള്ളത്.

https://www.facebook.com/GuinnessPakruOnline/posts/3186850361412098

ഒരു ദിവസം ഏറ്റവും കൂടുതല്‍ ആലപിച്ചതിനും എസ്പിബിക്ക് റെക്കോഡുണ്ട്. 12 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ ആലപിച്ചതിനാണ് റെക്കോഡ്. ഉപേന്ദ്ര കുമാര്‍ എന്ന കമ്പോസറിന് വേണ്ടി ആയിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങള്‍ ഒരു ദിവസം ആലപിച്ചത്. കൂടാതെ തമിഴില്‍ ഒരു ദിവസത്തിനുള്ളില്‍ 19 ഗാനങ്ങളും ഹിന്ദിയില്‍ ഒരു ദിവസത്തില്‍ 19 ഗാനങ്ങളും എസ്പിബി ആലപിച്ചിട്ടുണ്ട്.

സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ എസ്പിബി തിളങ്ങി. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം അദ്ദേഹം നേടി.

ഏക് ദൂജേ കേലിയേ (1981-ഹിന്ദി), സാഗര സംഗമം (1983-തെലുങ്ക്), രുദ്രവീണ (1988-തെലുങ്ക്), സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ), മിന്‍സാര കനവ് (1996-തമിഴ്) എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് നേടി. യേശുദാസിനു ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്.

Read more

മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണയും, മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി.