ഇത് 'അലന്‍ ജോണ്‍ വലംപറമ്പില്‍', ഗോകുലിന്റെ വേറിട്ട വേഷം; 'ഗഗനചാരി' ക്യാരക്ടര്‍ പോസ്റ്റര്‍

ഗോകുല്‍ സുരേഷ് നായകനാകുന്ന ‘ഗഗനചാരി’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഗോകുല്‍ സുരേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അലന്‍ ജോണ്‍ വലംപറമ്പില്‍’ എന്ന കഥാപാത്രമായാണ് ഗോകുല്‍ ചിത്രത്തിലെത്തുക.

അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ഗഗനചാരി.

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ഗഗനചാരിയുടെ ഛായാഗ്രാഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാര്‍ ആണ് നായികയാവുന്നത്. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ചിത്രമാണ് ഗഗനചാരി.

സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ഫിനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി.എഫ് എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.