ഇനി സിനിമയിലെ കിടപ്പറരംഗങ്ങള്‍ക്കും ഡയറക്ടര്‍

ദീപിക പദുകോണ്‍ ചിത്രം ‘ഗെഹരിയാന്‍’ എന്ന പുതിയ സിനിമയില്‍ സംവിധായകന്റെയും ക്യാമറാമാന്റെയുമെല്ലാം പേരുകള്‍ക്കിടയില്‍ പുതിയൊരു തസ്തിക കൂടിയുണ്ട് ‘ഇന്റിമേറ്റ് ഡയറക്ടര്‍’ ദര്‍ ഗായ്. സംഘട്ടനം സംവിധാനം ചെയ്യുന്നവരെ പോലെ നായികയും നായകനും ചേര്‍ന്നഭിനയിക്കേണ്ട ചൂടന്‍ രംഗങ്ങള്‍ക്കായും ഒരു ഡയറക്ടര്‍.

യഥാര്‍ഥത്തില്‍ ചലച്ചിത്രമേഖലയില്‍ മീടൂ ആരോപണം സജീവമായതോടെയാണ് നിലവിലെ രീതികള്‍ ശരിയല്ലെന്ന ചര്‍ച്ചകളും ഉയര്‍ന്നത്. പലപ്പോഴും സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ നടിമാര്‍ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്. പൂര്‍ണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ അതുണ്ടാക്കാവുന്ന മാനസിക പ്രശ്‌നങ്ങളും ചെറുതല്ല.

ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. നടന്‍മാര്‍ക്കും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാവാറുണ്ട്. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ‘സിറ്റി ഓഫ് ഡ്രീംസി’ലെ ചിത്രീകരണത്തെക്കുറിച്ച് നടന്‍ ഇജ്ജാന്‍ ഖാന്‍ പറഞ്ഞത് ഉദാഹരണം.

‘ചുംബന രംഗങ്ങള്‍ പലപ്പോഴും പൂര്‍ത്തിയാക്കാനാവുമായിരുന്നില്ല, ഷോട്ട് തീരും മുന്‍പ് ഫ്രെയ്മിന് പുറത്ത് പോവും. ഇതിന് സംവിധായകനില്‍ നിന്ന് ഒരുപാട് വഴക്കും കേള്‍ക്കുമായിരുന്നു’. ഇവിടെയാണ് ഇന്റിമേറ്റ് ഡയറക്ടേഴ്‌സിന്റെ പ്രസക്തി.

പ്രണയരംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍ അല്ലെങ്കില്‍ റേപ്പ് പോലെയുള്ള അതിക്രമങ്ങള്‍ ഇത്തരം സീനുകളുടെ ചിത്രീകരണത്തിനാണ് പൊതുവേ ഇന്റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. ആ രംഗങ്ങള്‍ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയാണ് ചുമതല. അത് അത്ര എളുപ്പമല്ല. അഭിനയിക്കുംമുന്‍പ് നടീനടന്‍മാരെ മാനസികവും ശാരീരികവുമായി തയ്യാറാക്കേണ്ട ചുമതല ഇവര്‍ക്കാണ്. കണ്‍സെന്റ് അഥവാ സമ്മതം ഉറപ്പാക്കും. ചിത്രീകരണത്തിനിടെ ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കള്‍ നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇന്റിമേറ്റ് ഡയറക്ടറാണ്. നിയമ പരിജ്ഞാനവും ആവശ്യമാണ്.