സർപ്രൈസ് റിലീസ് ഒരുക്കി 'ഗരുഡൻ'; ഇന്ന് മുതൽ ഒടിടിയിൽ കാണാം

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് ബിജു മേനോനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ക്രൈം- ത്രില്ലർ സിനിമയാണ് ഗരുഡൻ

സമീപകാല മലയാളം സിനിമയിൽ പുറത്തിറങ്ങിയ മികച്ച ത്രില്ലറുകളുടെ കൂട്ടത്തിൽ ഗരുഡൻ സ്ഥാനമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഗരുഡൻ.

ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ ഗരുഡൻ 29-ാം ദിവസമാണ് ഒടിടിയിൽ എത്തിയത് എന്നകാര്യം പ്രേക്ഷകർക്ക് സർപ്രൈസ് ആയിരുന്നു. നവംബർ 3 നാണ് ചിത്രം റിലീസ് ചെയ്തത്. 25 കോടിക്ക് മുകളിൽ കളക്ഷൻ നേടാനും ഗരുഡന് കഴിഞ്ഞിരുന്നു.

Read more

അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.