സെലിബ്രേറ്റ് ചെയ്യപ്പെട്ട വെള്ളിത്തിരയിലെ സൗഹൃദങ്ങൾ......!

നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതല്ല യഥാർത്ഥ സൗഹൃദം. അത് മനസ്സിൽ നിന്നും ഉണ്ടാവുന്നതാണ്. എപ്പോഴും കണ്ടില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും ചില സൗഹൃദങ്ങൾ ആർക്കും അടർത്തി മാറ്റാൻ കഴിയാത്ത വിധം എന്നും നിലനിൽക്കും അത്തരത്തിൽ
ഇണങ്ങിയും പിണങ്ങിയും ചിന്തിപ്പിച്ചും ചിരിപ്പിച്ചും വഴക്കിട്ടും അടി കൂടിയും തുടങ്ങി സൗഹൃദത്തിന്റെ പല ഭാവങ്ങളിലൂടെ കടന്നുപോയ അനേകം സിനിമകൾ മലയാള സിനിമ ലോകത്തിന് സ്വന്തമായുണ്ട്.

അക്കരയക്കരയിലെ ദാസനും വിജയനും തുടങ്ങി ഹൃദയത്തിലെ അരുൺ നിലകണ്ഠനും ആന്റിണിയും വരെ ഇതിന് ഉദാഹരണങ്ങളാണ്. ഒരു സിനിമക്ക് രൂപം നൽകുമ്പോൾ തന്നെ അതിൽ സൗഹൃദത്തിന്റെ പലഭാവങ്ങളും എഴുതിച്ചേർക്കാറുണ്ട്. ചിലപ്പോൾ സിനിമയുടെ തന്നെ ആത്മാവും സൗഹൃദത്തെ അടിസ്ഥാനമാക്കിയാവും. കസിൻസ് തമ്മിലുള്ള സൗഹൃദം, സമപ്രായക്കാർ തമ്മിലുള്ള സൗഹൃദം, അമ്മയും മകളും തമ്മിലുള്ള സൗഹൃദം തുടങ്ങി വിവിധ രീതിയിലുള്ള സൗഹൃദങ്ങൾ സിനിമയ്ക്ക് പ്രമേയമായപ്പോൾ അവയെല്ലാം സൂപ്പർ ഹിറ്റുകളായി മാറുകയായിരുന്നു അത്തരത്തിൽ ചില ചിത്രങ്ങളെ കുറിച്ച് നോക്കാം.

നാടോടിക്കാറ്റ് എന്ന ഒറ്റ ചിത്രത്തിലൂടെ എക്കാലവും പ്രേക്ഷകർ നെഞ്ചിലേറ്റിയ സൗഹൃദമായിരുന്നു ദാസനും വിജയനും തമ്മിലുള്ളത്. പരസ്പരം കളിയാക്കലും പാരവെപ്പും കയ്യിലുണ്ടെങ്കിലും ഒരു പിണക്കവും ഒരു രാത്രിക്കും പകലിനും അപ്പുറത്തേക്ക് നീട്ടാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. ഇവരുടെ സൗഹൃ​ദം കാണുമ്പോൾ ഇന്നും ആർക്കും ചെറിയൊരു അസൂയ തോന്നും. ഒന്നിച്ചുള്ള സ്വപ്നങ്ങളും ഒന്നിച്ചുള്ള യാത്രകളും ഇരുവരും ആഘോഷമാക്കിയപ്പോൾ. മലയാളി പ്രേക്ഷകർ നെഞ്ചിലാണ് ഇരുവരേയും ഏറ്റെടുത്തത്. ഇരുവരും ടോം ആന്റ് ജെറി പോലെയാണെങ്കിലും ഇവരെപ്പോലെ കട്ടക്ക് പരസപരം നിക്കുന്നവർ വേറെയില്ലെന്ന് പറയുന്നതാകും സത്യം.

ഒരുമയുണ്ടെങ്കിൽ ഒലക്കമെലും കിടക്കാമെന്ന പഴംഞ്ചൊല്ല് അന്വവർത്ഥമാക്കിയ ഒരു കൂട്ടം സുഹൃത്തുക്കളായിരുന്നു ഹരിഹർ ന​ഗറിലൂടെ ഫ്രേക്ഷകർ കണ്ടത്. എന്തിനും കൂട്ടായി ഒരാൾ മാത്രമല്ല ഒരു ​ഗ്യാങ്ങ് തന്നെയുണ്ടെന്ന് കാണിച്ചു തന്ന തോമസുകുട്ടിയുടേയും സംഘത്തിന്റേയും ചിത്രം ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. തോമസുകുട്ടി, അപ്പുകുട്ടനും, ​ഗോവിന്ദൻകുട്ടിയും, മഹാദേവനും കൂടി മലയാളികളെ ചിരിപ്പിച്ചതിന് കണക്കില്ല. ഇവർക്കിടയിൽ കളിയാക്കലുകളും മത്സരങ്ങളുമുണ്ടെങ്കിലും പുറത്ത് നിന്ന് ഒരു പ്രശ്നം​ ഗ്യാങിലെ ആരെ ബാധിച്ചാലും നാല് പേരും ഒറ്റക്കെട്ടായിരിക്കുമെന്നും ഹരിഹർ ന​ഗർ കാണിച്ചു തന്നു.

വ്യത്യസ്ത പ്രായത്തിലുള്ളവർക്കിടയിൽ നിലനിൽക്കുന്ന സൗഹൃദമായിരുന്നു അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്. അമ്മയും മകളുമാണെങ്കിലും രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള സൗഹൃദം കാണുന്നവനെ കൂടി ആഹ്ലാദത്തിലാക്കുന്നതുമാണ്. കാർക്കശക്കാരിയായ അമ്മ മാത്രമല്ല. അമ്മയെ നല്ലൊരു സുഹൃത്തായി കാണാമെന്നും. എന്തും തുറന്ന് പറയാമെന്നും അച്ചുവിന്റെ അമ്മയിലൂടെ ആരാധകർ കണ്ടു. അച്ഛനെ സുഹൃത്തിനെ പോലെ കാണുന്ന ചിത്രങ്ങളും മലയാള സിനിമയിൽ ഉണ്ട്. തൊമ്മനും മക്കളും, സിഐ എ പോലുള്ള ചിത്രങ്ങളും അതിന് ഉദാഹരണങ്ങളാണ്.

സിഐഎയിൽ അച്ഛനൊപ്പം മദ്യപിക്കുന്ന മകനെയാണ് കാണുന്നതെങ്കിൽ തൊമ്മനും മക്കളിൽ അച്ഛനൊപ്പം അടിയുണ്ടാക്കുന്ന മക്കളെയാണ് കാണുന്നത്. പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും നല്ല സൗഹൃദമായിരുന്നു പ്രകാശന്റേയും കൂട്ടുകാരുടേയും. മലർവാടി ആർട്സ് ക്ലബ്ബ് സിനിമ റിലീസ് ചെയ്ത ശേഷം ആരാധകരെ സ്വന്തമാക്കിയ സൗഹൃദമായിരുന്നു പ്രകാശന്റേയും കൂട്ടുകാരുടേയും. കൂട്ടുകാരന്റെ നല്ല ഭാവിക്ക് വേണ്ടി രാവും പകലുമില്ലാതെ പ്രയത്നിക്കുന്ന ​ഗ്യാങ്. സുഹൃത്ത് രക്ഷപെട്ടപ്പോഴും പിന്നീട് അവന് അപമാനങ്ങൾ നേരിട്ടപ്പോഴും കൂട്ടുകാരനെ ഉപേക്ഷിച്ച് പോകാൻ തയ്യാറാവാതിരുന്നവർ സൗഹൃദത്തിന്റെ മറ്റൊരു ലോകമാണ് കാട്ടി തന്നത്.

അതുപോലെ കോളേജ് സൗഹൃദം കാട്ടി തന്ന ഒരുപാട് ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രേമത്തിലെ ശംഭു, ജോർജ്, കോയ കോമ്പോ ആരാധകർക്ക് അത്ര മറക്കാൻ പറ്റില്ല. എല്ലാവർക്കും ഇഷ്ടമുള്ള സൗഹൃദങ്ങളിൽ ഒന്നാണ് ഇത്. ഈ മൂവർ സംഘത്തിന്റെ കെമിസ്ട്രി പ്രേമം റിലീസ് ചെയ്യപ്പെട്ട ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിൻ പോളി, ശബരീഷ്, കൃഷ്ണ ശങ്കർ എന്നിവരാണ് പ്രേമത്തിലെ ശ്രദ്ധേയമായ ഈ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ബിടെക്, ഹൃദയം, തുടങ്ങിയ ചിത്രങ്ങളെല്ലാം ക്യാംപസ് ഫ്രണ്ട്ഷിപ്പിന് ഉദാഹരണങ്ങളാണ്.

ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിലൂടെ അധികം കേട്ടിട്ടില്ലാത്ത ഒരു സൗഹൃദമാണ് പ്രേക്ഷകർ കണ്ടത്. രക്തബന്ധമുള്ള കസിൻസ് തന്നെ ബെസ്റ്റ് ഫ്രണ്ട്സും കൂടപിറപ്പുമായി മാറുന്നതാണ് ഈ ചിത്രത്തിൽ കണ്ടത്. അജുവും ദിവ്യയും കുട്ടനും കസിൻസാണെങ്കിലും അതിനേക്കാളുപരി നല്ല സുഹൃത്തുക്കളായിരുന്നു. നല്ല ബന്ധങ്ഹൽക്കിടയിൽ നല്ല സുഹൃത്തുക്കളുമുണ്ടാകുമെന്ന് കാണിച്ച ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു.

ബേസിൽ ജോസഫ് നായകനായെത്തിയ ജാൻ എ മൻ എന്ന ചിത്രത്തിലും ബാല്യകാലം തൊട്ടുള്ള സൗഹൃദത്തെ കാണിക്കുന്നുണ്ട്. ഡോ ഫെെസൽ ഖാനും, സമ്പത്തും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധം അതിനുള്ളിലേയ്ക്കെത്തുന്ന ജോയ്മോൻ എന്നിവരെയെല്ലാം അതി മനോഹരമായിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടതും വെെറലായിട്ടുമുള്ള ഇനിയുമെറെ സൗഹൃദങ്ങൾ ബാക്കിയുണ്ട് വെള്ളിത്തിരയിൽ