'മാട്രിമോണിയല്‍ വഴി വന്ന ആലോചന'; ഫൊറന്‍സിക് സംവിധായകന്‍ അഖില്‍ പോള്‍ വിവാഹിതനാകുന്നു

ഫൊറന്‍സിക് ചിത്രത്തിന്റെ സംവിധായകന്‍മാരില്‍ ഒരാളായ അഖില്‍ പോള്‍ വിവാഹിതനാകുന്നു. ഈ മാസം 28-ന് ആണ് വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ ഡോ. ബെറ്റ്‌സി ആണ് വധു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്പത് പേരാണ് വിവാഹത്തില്‍ പങ്കെടുക്കുക. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ് എന്നാണ് അഖില്‍ പോള്‍ വ്യക്തമാക്കുന്നത്.

പിജി നീറ്റ് എക്‌സാമിന് വേണ്ടി തയ്യാറെടുക്കുകയാണ് ബെറ്റ്‌സി. കോവിഡിനിടയില്‍ നീറ്റ് എക്സാം റദ്ദാക്കപ്പെട്ടതോടെ ഫെബ്രുവരിയില്‍ നടക്കാനിരുന്ന വിവാഹം ഡിസംബറില്‍ നടത്തുന്നത് എന്നാണ് അഖില്‍ കാന്‍ ചാനല്‍സ് മീഡിയയോട് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ച സെവന്‍ത് ഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഖില്‍ പോള്‍.

ഈ വര്‍ഷം പുറത്തിറങ്ങിയ കുറ്റന്വേഷണ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത നേടിയ സിനിമകളിലൊന്നാണ് ഫൊറന്‍സിക്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും സുഹൃത്തായ അനസ് ഖാനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണിപ്പോള്‍. ബോളിവുഡ് താരം വിക്രാന്ത് മസേ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രമായി വേഷമിടും.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ല ആണ് ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത്. ഫോറന്‍സിക്കില്‍ മംമ്താ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് മംമ്ത ചിത്രത്തിലെത്തിയത്.