അരികെ നാം...; അണ്ടര്‍ വേള്‍ഡിലെ ആദ്യ വീഡിയോ ഗാനം

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമായ അണ്ടര്‍ വേള്‍ഡിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. താര ദമ്പതികളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റേയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. “അരികെ നാം…” എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. സച്ചിന്‍ വാര്യരും രമ്യ നമ്പീശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്സാനും നേഹയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നത്. 2017 ല്‍ വന്ന “കാറ്റി”ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അമല്‍ നീരദിന്റെ “സി.ഐ.എ”യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.