സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം “ഷിബു”വിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. സത്യന്‍ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകന്‍ സിനിമ പഠിക്കാന്‍ പോകുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം.

ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക. 32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ് എന്ന സര്‍പ്രൈസ് ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. സച്ചിന്‍ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷന്‍ ആണ് ഛായാഗ്രാഹകന്‍. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും.