'ആവേശം' കുറച്ച് കൂടിപ്പോയോ? ലാഗ് അടിപ്പിച്ചോ ഫാഫ; പ്രേക്ഷക പ്രതികരണം

തിയേറ്ററില്‍ വീണ്ടും തരംഗം തീര്‍ത്ത് ജിത്തു മാധവന്‍. ‘രോമാഞ്ച’ത്തിന് പിന്നാലെ എത്തിയ ‘ആവേശം’ സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ഗംഭീര പ്രതികരണങ്ങള്‍. മോളിവുഡില്‍ നിന്നുള്ള അടുത്ത സൂപ്പര്‍ ഹിറ്റ് എന്ന പ്രതികരണങ്ങളാണ് ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ തന്നെ ഫഹദ് ഫാസില്‍ നായകനായ ആവേശം നേടിക്കൊണ്ടിരിക്കുന്നത്.

”മലയാളത്തില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍ ഹിറ്റ്. ഫഹദ് ഫാസിലിന്റെ എന്തൊരു പെര്‍ഫോമര്‍ ആണ്. രോമാഞ്ചം ഉണ്ടാക്കിയ ക്ലൈമാക്‌സ്. മോളിവുഡില്‍ നിന്നും മറ്റൊരു നിലവാരമുള്ള സിനിമ കൂടി എത്തിയിരിക്കുകയാണ്. ഇത് ബ്ലോക്ബസ്റ്റര്‍ ആകും ഉറപ്പ്” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും ഒരുപാട് രസകരമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വളരെ മികച്ചതായിരുന്നു. ഇന്റര്‍വെല്‍ സമയത്തും ക്ലൈമാക്‌സിലും രോമാഞ്ചം ഉണ്ടാക്കി. ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം, രണ്ടാം പകുതിയില്‍ കുറച്ച് ലാഗ് ഉണ്ടായെങ്കിലും സിനിമയുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടില്ല. രോമാഞ്ചം സംവിധായകന്റെ മറ്റൊരു ഗുണമേന്‍മയുള്ള തിരക്കഥ” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”ലളിതമായ കഥാതന്തുവുള്ള ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍, ഫാഫ പതിവുപോലെ മികച്ച പ്രകടനം. കോമഡി മിക്ക ഭാഗങ്ങളിലും വര്‍ക്ക് ചെയ്തു. ഇന്റര്‍വെല്‍ ബ്ലോക്ക് ഫൈറ്റ് സീക്വന്‍സ് വളരെ മികച്ചതായിരുന്നു. ഈ സിനിമയ്ക്ക് ചില പോരായ്മകളും ലാഗും ഉണ്ടായിരുന്നെങ്കിലും ഓവറോള്‍ നല്ലതാണ്” എന്നിങ്ങനെയുള്ള അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

”ഫാഫ വേറെ ലെവല്‍ പെര്‍ഫോമന്‍സും മാനറിസവും. ഫഹദിന്റെ കഥാപാത്രത്തില്‍ ചില നിഗൂഢതകള്‍ വരുത്തിയാണ് തിരക്കഥ. നര്‍മ്മ ഭാഗങ്ങള്‍ വളരെ നന്നായി. ഇടവേളയ്ക്ക് മുമ്പ് 15 മിനുറ്റ് രോമാഞ്ചം ഉണ്ടാക്കി” എന്നിങ്ങനെയാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.