സ്റ്റാലിനൊപ്പം ഫഹദ് ഫാസില്‍; മാരി സെല്‍വരാജിനൊപ്പം നേരില്‍ കണ്ട് താരം

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം സ്റ്റാലിനെ നേരില്‍ സന്ദര്‍ശിച്ചാണ് തരം ആശംസകള്‍ അറിയിച്ചത്. സ്റ്റാലിനെ കണ്ട സന്തോഷം മാരി സെല്‍വരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം പങ്കുവെച്ചത്. ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന ചിത്രം മാരി സെല്‍വരാജിനൊപ്പമുള്ള പേരിടാത്ത ചിത്രമാണെന്നാണ് സൂചന.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്‍.

കീര്‍ത്തി സുരേഷാണ് നായികയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പുഷ്പയുടെ വന്‍ വിജയത്തിന് ശേഷം പുഷ്പ 2 ആണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തിയത്.