ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ തന്നെ; ട്രാന്‍സ് ആന്തോളജി ചിത്രമല്ല; രണ്ട് വര്‍ഷത്തിനു ശേഷം തിയേറ്ററുകളിലെത്തും

ഫഹദ് ഫാസില്‍ ചിത്രം. ട്രാന്‍സ്’ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആംസ്റ്റര്‍ഡാമിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡ്ക്ഷനു മുമ്പ് ഒരാഴ്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂള്‍ നടക്കുക. സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. ചെറുകഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് ട്രാന്‍സ് എന്നു അഭ്യൂഹമുണ്ടായിരുന്നു. ആന്തോളജി ഗണത്തില്‍പെടുന്ന ചിത്രമായിരിക്കില്ല ട്രാന്‍സ് എന്ന് സംവിധായകന്‍ പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. നസ്രിയ തന്നെയാണ് നായികയെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി.

കൂടാതെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് ക്യാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് ക്യാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബൈയില്‍ നിന്നാണ് ക്യാമറ സംഘമെത്തിയത്.ഏഴുവര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്

18 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ട്രാന്‍സ് നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിസന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.