ചന്തു അല്ലെങ്കില്‍ ജയകൃഷ്ണന്‍, റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഏത് ചെയ്യും? മാസ് മറുപടിയുമായി ഫഹദ് ഫാസില്‍

മലയാളി പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനശ്വര കഥാപാത്രങ്ങളാണ് “ഒരു വടക്കന്‍ വീരഗാഥ”യിലെ ചന്തുവും “തൂവാനതുമ്പി”കളിലെ ജയകൃഷ്ണനും. മമ്മൂട്ടിയും മോഹന്‍ലാലും അനശ്വരമാക്കിയ ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് യുവതാരം ഫഹദ് ഫാസില്‍ നല്‍കിയ ഉത്തരമാണ് വൈറലാകുന്നത്.

ഈ രണ്ട് കഥാപാത്രങ്ങളും താന്‍ ചെയ്യില്ല എന്നായിരുന്നു ഫഹദിന്റെ ഉത്തരം. കാരണവും താരം വ്യക്തമാക്കി. രണ്ടു തരം അഭിനയശൈലിയുടെ അപാരമായ മികവില്‍ നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം.ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ.

പി പദ്മരാജന്‍ രചിച്ച് സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്ക് ആണ് തൂവാനത്തുമ്പികള്‍. ഈ റീമേക് എന്ന പരിപാടിയോട് തന്നെ തനിക്ക് വ്യക്തിപരമായി ഒട്ടും താത്പര്യമില്ലെന്നും ഫഹദ് ഒരു പരിപാടിക്കിടെ വ്യക്തമാക്കി. എന്നാല്‍ “സദയം” എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ടപ്പോള്‍ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടെന്ന് ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.