സൂര്യയുടെ സിനിമാ ചിത്രീകരണത്തിനുള്ള ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തു

സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ഇതിനെതിരേ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ (സിംഡിയ) മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പാണ്ടിരാജ് ആണ് എതര്‍ക്കും തുനിന്തവന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടു പോയപ്പോഴാണ് പൊലീസ് പിടിച്ചെടുത്തത്.

ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചെന്നൈയിലെ ഗോഡൗണില്‍ പരിശോധന നടത്തി 150 ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഡമ്മി തോക്കുകള്‍ കൊണ്ടു പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ പൊലീസിന് നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, എതര്‍ക്കും തുനിന്തവന്‍ ഫെബ്രുവരി 4ന് ആണ് റിലീസ് ചെയ്യുന്നത്. പ്രിയങ്ക മോഹന്‍ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഡി ഇമ്മന്‍ ആണ്.