ബോളിവുഡില്‍ സല്‍മാന്‍ ഖാനോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍

ബോളിവുഡില്‍ സല്‍മാനോട് മത്സരിക്കാന്‍ മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സല്‍മാന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാരതും ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദി സോയാഫാക്ടറുമാണ് അടുത്തടുത്ത് റിലീസിംഗിന് ഒരങ്ങുന്നത്. നിലവില്‍ സല്‍മാന്റെ ഭാരത് ജൂണ്‍ അഞ്ചിനും ദുല്‍ഖറിന്റെ ദ സോയാഫാക്ടര്‍ ജൂണ്‍ 14 നും റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഇരു ചിത്രങ്ങളുടെയും റിലീസ് തമ്മില്‍ ഒരാഴ്ചത്തെ വ്യത്യാസമുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ ദുല്‍ഖര്‍ ചിത്രത്തിന് എതിരാളിയാവുക സല്‍മാന്‍ ചിത്രം തന്നെയാവും.

തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ “സോയാ ഫാക്ടറി”ല്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്. സോനം കപൂര്‍ ആണ് നായിക. അനുജാ ചൗഹാന്‍ രചിച്ച “ദി സോയാ ഫാക്റ്റര്‍” എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനാം ചെയ്യുന്ന ചിത്രമാണ് “ദി സോയാ ഫാക്റ്റര്‍”. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

1947ലെ ഇന്ത്യ വിഭജന കാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് ഒരുക്കിയിരിക്കുന്നത്. “ടൈഗര്‍ സിന്ദാ ഹേ” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. “സുല്‍ത്താന്‍”, “ടൈഗര്‍ സിന്ദാ ഹെ” എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങള്‍. ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീമാണ് സംഗീതമൊരുക്കുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.