ഇത്തവണ നാഷണല്‍ അവാര്‍ഡ് ദുല്‍ഖറിന്; 'ഛുപ്പി'ലെ സൈക്കോ കഥാപാത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍, പ്രതികരണം

ആര്‍ ബാല്‍കിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്’ ഏറ്റെടുത്ത് മലയാളി പ്രേക്ഷകര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു.

അതിഗംഭീരം എന്നാണ് സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ പറയുന്നത്. സിനിമാ നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ഛുപ്. ദുല്‍ഖര്‍ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുല്‍ഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ഛുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകര്‍ വിലയിരുത്തി.

സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ദുല്‍ഖറിന്റെം മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.