മമ്മൂട്ടി കഥാപാത്രത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വേഷം ചെയ്യാന്‍ താല്‍പര്യമില്ല; ജോണി വാക്കര്‍ 2 നിരസിച്ച് ദുല്‍ഖര്‍

ജയരാജ്-മമ്മൂട്ടി സൂപ്പര്‍ ഹിറ്റ് ചിത്രം ജോണിവാക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. ദുല്‍ഖറാകും ചിത്രത്തിലെ നായകനെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ജൂനിയര്‍ ജോണിവാക്കറിന്റെ കഥയുമായി ദുല്‍ഖറിനെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് സൂചന. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലില്‍ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ദുല്‍ഖര്‍ അറിയിച്ചത്. ദുല്‍ഖറില്ലെങ്കില്‍ പകരമാര് എന്ന ആലോചനയിലാണ്. ആ താരത്തിനായുള്ള കാത്തിരിപ്പിലാണ് ജയരാജ്.

സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും മലയാളിയുടെ പ്രിയപ്പെട്ടവയാണ്. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതിയ ചിത്രവും ജോണിവാക്കര്‍ ആയിരുന്നു.

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കര്‍ അവസാനിക്കുന്നത്. സിനിമയില്‍ മമ്മൂട്ടിയുടെ സഹായി ആയിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂനിയര്‍ ജോണി വാക്കറിന്റെ കഥ വികസിക്കുന്നത്.