'വളരെ അഡ്വാന്‍സിഡ് ആയിട്ടുള്ള ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രം'; ഫോറന്‍സിക്കിനെ പ്രശംസിച്ച് പ്രമുഖ ഫോറന്‍സിക് സര്‍ജന്‍

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ഫോറന്‍സിക്” ഗംഭീര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് ഫോറന്‍സിക് തിയേറ്ററുകളിലേക്ക് എത്തിയത്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് ഒരുക്കിയ ചിത്രം അഡ്വാന്‍സിഡ് ആയിട്ടുള്ള ടെക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രമാണെന്ന് പറയുകയാണ് പ്രമുഖ ഫോറന്‍സിക് സര്‍ജന്‍ ഡോ. അന്നമ്മ ജോണ്‍. ഇത് ഉദാഹരണങ്ങള്‍ നിരത്തി സമര്‍ത്ഥിച്ചിരിക്കുകയാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.

ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവീനോ വേഷമിട്ടത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തിയത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.