ജിബൂട്ടി : അപരിചിതമായ പ്രവാസലോകത്തുനിന്നും ഒരു പ്രവാസകഥ.

പ്രവാസലോകവും പ്രവാസികളും എപ്പോഴും ചര്‍ച്ചാവിഷയമാകുന്ന സമൂഹമാണ് നമ്മുടേത്‌. എന്നാല്‍ അത്ര പരിചിതമല്ലാത്ത ഒരു രാജ്യത്തു നടക്കുന്ന കഥപറയുന്ന ചിത്രമാണ് എസ്. ജെ. സിനു സംവിധാനം ചെയ്ത ജിബൂട്ടി.

വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടു കഴിയുന്ന സുഹൃത്തുക്കളാണ് ലൂയി(അമിത് ചക്കാലക്കല്‍)യും എബി(ജേക്കബ്ബ് ഗ്രിഗറി)യും. കൂട്ടുകാര്‍ ഓരോരുത്തരായി ഗള്‍ഫ് ജോലികളില്‍ പ്രവേശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ അറിയുന്ന എബി നിരാശകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടും എന്ന അവസ്ഥവരെയെത്തി. ലൂയിയുടെ ജീപ്പിന് വല്ലപ്പോഴും കിട്ടുന്ന ഒരു ഓട്ടമാണ് ആകെയുള്ള വരുമാനം. കൂട്ടുകാരന്റെ വിവാഹത്തില്‍ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് ഇരുവരും ഒരു ടൂറിസ്റ്റിന്റെ ട്രിപ്പ് നിരസിക്കുന്നു. എന്നാല്‍ അതൊരു വിദേശയുവതിയാണെന്നറിഞ്ഞതോടെ ആ ട്രിപ്പ് വീണ്ടെടുക്കുന്നതില്‍ വിജയിച്ചു.

ജിബൂട്ടിയിലെ ഒരു കമ്പനിയില്‍ എച്ച്.ആര്‍ മാനേജരായ ഹന്നാ (ഷഗുന്‍ ജസ്‌വാള്‍) എന്ന യുവതിയായിരുന്നു ആ ഏകാന്തയായ ടൂറിസ്റ്റ്. അവളുടെ പ്രീതി പിടിച്ചുപറ്റി വിസ സംഘടിപ്പിക്കാനായി പിന്നീട് ഇരുവരുടെയും ശ്രമം. ഹന്നായുടെ കേരളസന്ദര്‍ശനത്തിനു പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അത് കഥാപാത്രങ്ങളെ മുഴുവനും കഥാന്ത്യംവരെ വേട്ടയാടുന്ന ഒരു കരിനിഴല്‍ ഭീതിയുടെ ഓര്‍മ്മയായിരുന്നു.

ജിബൂട്ടിയിലെത്തിപ്പെട്ട കൂട്ടുകാര്‍ക്ക് ആദ്യമെല്ലാം നല്ല ദിവസങ്ങള്‍ സമ്മാനിച്ചു ആ രാജ്യം. മാനേജരായ തോമസ്സ് (ദിലീഷ് പോത്തന്‍), അയാളുടെ ഭാര്യ ഗ്രേസി (അഞ്ജലി നായര്‍), സഹപ്രവര്‍ത്തകനായ ജയന്‍ (ബിജു സോപാനം) അങ്ങനെ മറ്റുപലരും അവരുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി. ഹന്നയുമായി അടുത്ത ലൂയി പിന്നീട് ചെന്നുപെട്ടതെല്ലാം വിപത്തിലായിരുന്നു. ഒരു ഭാഗത്ത് നിയമം. മറുഭാഗത്ത് കഴുകന്‍ കണ്ണുമായി അവരെ പിന്തുടര്‍ന്ന മറ്റു ശത്രുക്കള്‍ ഇവയെല്ലാം ചേര്‍ന്ന് അവരുടെ സുഹൃദ്‌വലയത്തെയും കുടുംബങ്ങളെയാകെയും ഭീതിയിലാഴ്ത്തി. എപ്പോള്‍ വേണമെങ്കിലും ഒരു വെടിയുണ്ടയില്‍ തീരാവുന്നതായി ലൂയിയുടെ ജീവിതം. എവിടെയെങ്കിലും വീണുപോയാല്‍ വീണതുതന്നെയാണ്. ജീവന്‍ രക്ഷപ്പെടുത്തി എങ്ങനെയെങ്കിലും നാട്ടിലെത്തിപ്പെട്ടാല്‍ മതി എന്നതായി പിന്നീടുള്ള ഏറ്റവും വലിയ സ്വപ്നം.
ഒടുവില്‍ ജീവന്‍ പണയം വെച്ചുതന്നെ എന്തിനെയും ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചു ലൂയി.

പ്രധാന താരങ്ങളെ കൂടാതെ അലന്‍സിയര്‍, കന്നഡ താരമായ കിഷോര്‍, ആതിര ഹരികുമാര്‍, പോളി വത്സന്‍, സുനില്‍ സുഖദ, നസീര്‍ സംക്രാന്തി, വെട്ടുകിളി പ്രകാശ്, ജയശ്രീ ശിവദാസ് തുടങ്ങിയവരും രംഗത്തെത്തുന്നു.

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ സംവിധായകനെന്ന നിലയില്‍ അപ്രതീക്ഷിതമായ പ്രമേയവുമായി എസ്. ജെ, സിനുവിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള കടന്നവരവ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കേരളത്തിലും ജിബൂട്ടിയിലുമായി പൂര്‍ത്തിയാക്കിയ ചിത്രീകരണം ടി.ഡി. ശ്രീനിവാസനും സംഗീതം ദീപക് ദേവും മനോഹരമാക്കി. കൈതപ്രവും വിനായക് ശശികുമാറുമാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബ്ലൂഹില്‍ നായ്ല്‍ കമ്യൂണിക്കേഷന്റെയും നൈല്‍ ആന്റ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെയും സംയുക്ത ബാനറില്‍ ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിച്ചത്.