'തത്ത' എന്ന് വിളിച്ച് അപമാനിച്ചു; 'ഗോട്ട്' സംവിധായകനെതിരെ ദിവ്യഭാരതി..; വനിതാ കമ്മീഷന്‍ ഇടപെടണമെന്ന് എഐസിഡബ്ല്യുഎ

‘ഗോട്ട്’ സിനിമാ സംവിധായകന്‍ നരേഷ് കുപ്പിളി മോശമായി പെരുമാറിയെന്ന നടി ദിവ്യഭാരതിയുടെ ആരോപണം തെലുങ്ക് സിനിമാരംഗത്ത് വന്‍ ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധായകന്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ).

നിര്‍ഭാഗ്യവശാല്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടാവുമെങ്കിലും പുറത്തുവരാറില്ലെന്നും ഈ അപമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ദിവ്യഭാരതിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും എഐസിഡബ്ല്യുഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഒരു ‘വനിതാ പരിഹാര സമിതി’ രൂപീകരിക്കുമെന്നും എഐസിഡബ്ല്യുഎ വ്യക്തമാക്കി.

ദിവ്യഭാരതിയുടെ കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. അത്തരം സംഭവങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്, അതിനാല്‍ സിനിമാ മേഖലയിലെ ഒരു സ്ത്രീക്കും തന്റെ പ്രൊഫഷണല്‍ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സുരക്ഷിതത്വമോ ഭീഷണിയോ അനുഭവപ്പെടില്ലെന്നും എഐസിഡബ്ല്യുഎ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, സംവിധായകന്‍ സെറ്റില്‍ സ്ത്രീകളെ ‘ചിലക’ (തെലുങ്കില്‍ – തത്ത) എന്ന് വിളിച്ച് അപമാനിച്ചു എന്നാണ് ദിവ്യഭാരതിയുടെ ആരോപണം. ഇത് തമാശയായി ചെയ്തതല്ല, സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംവിധായകന്‍ സെറ്റില്‍ ഇങ്ങനെ തന്നെയായിരുന്നു, സ്ത്രീകളോട് തുടര്‍ച്ചയായി അനാദരവ് കാണിച്ചു.

Read more

തന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് ഇതൊക്കെ കണ്ടിട്ടും സിനിമയിലെ നായകനായ നടന്‍ എല്ലാം അനുവദിച്ചു കൊണ്ട് മൗനം പാലിച്ച് ഇരിക്കുന്നതാണ്. സ്ത്രീകളെ പരിഹസിക്കാത്ത, ഓരോരുത്തര്‍ക്കും പ്രാധാന്യമുള്ള, ബഹുമാനം നല്‍കുന്ന വര്‍ക്ക് സ്‌പേസ് ആണ് സാധാരണയായി താന്‍ തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എന്നാണ് ദിവ്യഭാരതി പറയുന്നത്.