തരംഗമായി ദൃശ്യം 2; ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി

അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ദൃശ്യം 2 ന് ബോക്‌സോഫീസില്‍ ഗംഭീര സ്വീകരണം. ആഭ്യന്തര ബോക്സ് ഓഫീസില്‍ നിന്ന് മാത്രമുള്ള വരുമാനം 150 കോടി കവിഞ്ഞു. നവംബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ റിലീസിലൂടെ 70 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. അജയ് ദേവ്ഗണിന് പിന്നാലെ ശ്രേയാ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍. 50 കോടി മുതല്‍മുടക്കില്‍ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മലയാളത്തില്‍ രണ്ട് തവണ എത്തിയപ്പോഴും വന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യം. ആദ്യഭാഗം തിയേറ്ററില്‍ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധികളേത്തുടര്‍ന്ന് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും വലിയ ചര്‍ച്ചയായിരുന്നു.

ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. സുധീര്‍ കുമാര്‍ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാന്‍സിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.