അതിജീവിതക്കൊപ്പം ഫെഫ്ക; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്തു

‘പടവെട്ട്’ സംവിധായകനെതിരെയുള്ള ബലാത്സംഗ കേസില്‍ ഫെഫ്ക യൂണിയന്‍ അതിജീവിതയോടൊപ്പം. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കറും സെക്രട്ടറി ജി.എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ലിജു കൃഷ്ണയെ കേസ് തീര്‍പ്പാകുന്നതു വരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി ആവശ്യപ്പെട്ടിരുന്നു.

കേരള സര്‍ക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെ കുറിച്ചും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മാര്‍ച്ച് 6ന് ആണ് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പടവെട്ട് സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ സെറ്റില്‍ നിന്നും ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് പടവെട്ട്.

Read more