'ഡയറക്ടര്‍ സര്‍ ഇതൊന്ന് ശ്രദ്ധിക്കൂ'; ദമ്പതികളുടെ വീഡിയോ പങ്കുവെച്ച് പൃഥ്വിയോട് സുപ്രിയ

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. ചിത്രം പുറത്തിറങ്ങി നല്ല അഭിപ്രായം നേടിയതോടെ അതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ പൂര്‍ണ പിന്തുണയുമായി ഭാര്യ സുപ്രിയയും കൂടെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇക്കാലയളവില്‍ ഇരുവരുടെയും സാന്നിധ്യം ശക്തമായിരുന്നു. ഇരുവരുടെയും രസകരമായ പോസ്റ്റുകളും കമന്റുകളും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് സുപ്രിയ വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നത്. പ്രായമായ ദമ്പതികള്‍ എന്തോ പരിപാടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ റിലേഷന്‍ഷിപ്പ് ഇങ്ങിനെയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുപ്രിയ വീഡിയോ ഷെയര്‍ ചെയ്തത്. ഡയറക്ടര്‍ സര്‍ ഇതൊന്നു ശ്രദ്ധിക്കൂ എന്നുകൂടി സുപ്രിയ കുറിച്ചു. തിരക്കായാലും ലേശം റോമാന്റിക്കൊക്കെ ആവാമെന്നാണ് ആരാധകര്‍ പറയുന്നത്.

https://www.instagram.com/p/BvlR67UhhYf/?utm_source=ig_web_copy_link

കഴിഞ്ഞ കുറേ ദിവസങ്ങളായി സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും പൃഥ്വിയെ കുറിച്ചും ലൂസിഫറിനെ കുറിച്ചുമായിരുന്നു. അവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. റിലീസ് ദിവസം ഇരുവരും ഒരുമിച്ചെത്തിയാണ് ചിത്രം കണ്ടത്. സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു.