സൈറയുടെ തീരുമാനം ബോളിവുഡിന് നഷ്ടം; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

അഭിനയം ഇസ്ലാമില്‍ നിന്ന് അകറ്റിയതിനാല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന് ബോളിവുഡ് നടി സൈറ വസീം അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സൈറയുടെ നിലപാടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി. സൈറയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ സിനിമയില്‍ നിന്നുള്ള സൈറയുടെ പിന്‍മാറ്റം ബോളിവുഡിന് നഷ്ടമാണെന്നും നിതേഷ് തിവാരി പറഞ്ഞു.

എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ് ഓരോരുത്തര്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും കൂട്ടിചേര്‍ത്തു. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് “ബര്‍ക്കത്ത്” നഷ്ടമായെന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. “ദ സ്‌കൈ ഈസ് പിങ്ക്” എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.