സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.വി ആനന്ദ് അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഛായാഗ്രാഹകനായ പി.സി ശ്രീറാമിന്റെ സഹായിയായി സിനിമ കരിയര്‍ തുടങ്ങിയ ആനന്ദ് ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

തേന്മാവിന്‍ കൊമ്പത്ത്- ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ആനന്ദ് നേടി. തുടര്‍ന്ന് പ്രിയദര്‍ശനൊപ്പം മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. കാതല്‍ ദേശം ആണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. ശങ്കര്‍ ചിത്രങ്ങളായ മുതല്‍വന്‍, ബോയ്‌സ്, ശിവാജി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു.

Read more

ജോഷ്, കാക്കി എന്നീ ഹിന്ദി ചിത്രങ്ങളിലും ആനന്ദ് പ്രവര്‍ത്തിച്ചു. 2005ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ ആനന്ദ് സംവിധായകന്‍ ആയി. സൂര്യ നായകനായ അയന്‍ ആണ് രണ്ടാമത്തെ ചിത്രം. കോ, മാട്രാന്‍, അനേകന്‍, കാവന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മോഹന്‍ലാലും സൂര്യയും ഒന്നിച്ച കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.