2000 കോടി രൂപയുടെ ലഹരിക്കടത്ത്; അമീർ സുൽത്താനെ ചോദ്യം ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

മുൻ ഡിഎംകെ നേതാവും സിനിമ നിർമ്മാതാവുമായ ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരികടത്തുകേസിൽ തമിഴ് സംവിധായകനും നടനുമായ അമീറിനെ ചോദ്യം ചെയ്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

ഡൽഹിയിലെ എൻ. സി. ബി ഓഫീസിൽ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ജാഫർ സാദികുമായുള്ള ബിസിനസ് ബന്ധങ്ങളും മറ്റും അന്വേഷിച്ചു.

അമീറിന്റെ ‘ഇരൈവൻ മിക പെരിയവൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായിരുന്നു അറസ്റ്റിലായ ജാഫർ സാദിക്. ചിത്രം ഈ വർഷം റിലീസ് ചെയ്യാനിരിക്കെയാണ് ജാഫറിന്റെ അറസ്റ്റ്.

ലഹരി കടത്തിൽ നിന്നും ലഭിച്ച പണമാണ് സിനിമ നിർമ്മിക്കാൻ ഉപയോഗിച്ചത് എന്നാണ് എൻ. സി. ബി സംശയിക്കുന്നത്. കൂടാതെ ജാഫർ സാദിക്കിന്റെ ഹോട്ടൽ ബിസിനസിൽ പങ്കാളിയുമായിരുന്നു അമീർ സുൽത്താൻ.

കേസിലൂടെ തന്നെ മാനസികമായി തളർത്താനും വ്യക്തിപരമായി മോശക്കാരനാക്കാനും ശ്രമിക്കുകയാണെന്നും, ഇത് തന്റെ കുടുംബത്തെ വേദനിപ്പിക്കാനാണെന്നുമാണ് അമീർ സുൽത്താൻ പറയുന്നത്.