റിലീസിനൊരുങ്ങി ദിലീപിന്റെ 'ശുഭരാത്രി'; ടീസറുകള്‍ക്കും പാട്ടിനും പിന്നാലെ ട്രെന്‍ഡിംഗില്‍ ഇടം നേടി ട്രെയിലറും

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടി ദിലീപ് ചിത്രം ശുഭരാത്രിയുടെ ട്രെയിലര്‍. ഇതുവരെ മൂന്നുലക്ഷത്തില്‍പരം ആളുകള്‍ കണ്ട ട്രെയിലര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതാണ്. ചിത്രത്തിന്റേതായി മുമ്പ് റിലീസ് ചെയ്ത ടീസറുകള്‍ക്കും പാട്ടിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥനായി ദിലീപ് എത്തുന്ന ചിത്രത്തില്‍, നായികയായെത്തുന്നത് അനു സിത്താരയാണ്.

ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ദിലീപിന്റെ ആകാംക്ഷയുണര്‍ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ട്രെയിലറിലുള്ളത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചിരിക്കുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.