ഞാന്‍ റണ്‍വേയില്‍ കേറി നില്‍ക്കും, പിന്നെയാണ് നിന്റെ വണ്‍വേ; അലന്‍ അലക്സാണ്ടര്‍ ഡൊമിനിക്കായി ദീലീപ്; ബാന്ദ്രയുടെ ടീസര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രമായ രാമലീലയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്ത്. ദിലീപ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ടീസര്‍ പുറത്തുവിട്ടത്. മലയാള സിനിമയിലേക്ക് വീണ്ടും ഒരു മാസ്സ് ആക്ഷന്‍ പടം എന്നുതന്നെ ടീസര്‍ കാണുമ്പോള്‍ ഉറപ്പിക്കാം.

ബാന്ദ്ര അടക്കി ഭരിക്കുന്ന അലന്‍ അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ‘ ഞാന്‍ റണ്‍വേയില്‍ കേറി നില്‍ക്കും പിന്നെയാണ് നിന്റെ വണ്‍വേ..’ എന്ന മാസ് ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ് നടിയായ തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം വിനായക അജിത്ത് ആണ്. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. ഉണ്ണി മുകുന്ദന്‍, ടൊവീനോ തോമസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.