വണ്‍ ലൈന്‍ ഇഷ്ടമായി, പക്ഷെ സ്‌ക്രിപ്റ്റില്‍ തൃപ്തനല്ല..? സുന്ദര്‍ പിന്മാറിയതിന് പിന്നിലെ കാരണമെന്ത്?

തലൈവര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ സുന്ദര്‍ സി പിന്മാറിയതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന കോമ്പോയാണ് രജനികാന്ത്-കമല്‍ ഹാസന്‍. നവംബര്‍ 5ന് ആയിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്നലെയാണ് സുന്ദര്‍ താന്‍ ഈ സിനിമയില്‍ നിന്നും പിന്മാറിയ വിവരം ഒരു പോസ്റ്റിലൂടെ അറിയിച്ചത്. രജനിയോട് സുന്ദര്‍ ഒരു കഥയുടെ വണ്‍ ലൈന്‍ പറഞ്ഞു. ഇത് ഇഷ്ടമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ ചിത്രം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ സിനിമയുടെ ഫൈനല്‍ സ്‌ക്രിപ്റ്റില്‍ തലൈവര്‍ തൃപ്തനായില്ല. കഥയില്‍ കൂടുതല്‍ മാസ് എലമെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് ഇഷ്ടപ്പെടാത്തതിനാല്‍ സുന്ദര്‍ സി സിനിമയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദര്‍ നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസിനെ അറിയിച്ചിരുന്നില്ലെന്ന വിവരങ്ങളും എത്തുന്നുണ്ട്.

Read more

സുന്ദര്‍ സിയുടെ പോസ്റ്റ് കുറച്ച് സമയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം, 2027ല്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഉടന്‍ തന്നെ മറ്റൊരു സംവിധായകനെ ഈ ചിത്രത്തിനായി തിരഞ്ഞെടുക്കും എന്നാണ് വിവരങ്ങള്‍.