ഡിക്ക് അമ്മായിയെ പുനഃസൃഷ്ടിച്ച് 'മറിയം വന്ന് വിളക്കൂതി'; മറിയാമ്മ ടീച്ചര്‍ ആയി സേതുലക്ഷ്മി

മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഒരു ചിത്രമാണ് “ബോയിംഗ് ബോയിംഗ്”. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രത്തില്‍ നടി സുകുമാരിയും ഡിക്ക് അമ്മായി എന്ന വ്യത്യസ്ത വേഷത്തിലെത്തിയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഡിക്ക് അമ്മായി. ഡിക്ക് അമ്മായിയെ പുനഃസൃഷ്ടിക്കുകയാണ് “മറിയം വന്ന് വിളക്കൂതി” എന്ന ചിത്രത്തിലൂടെ.

നടി സേതുലക്ഷ്മി അവതരിപ്പിക്കുന്ന മറിയാമ്മ ടീച്ചര്‍ എന്ന കഥാപാത്രമാണ് ഡിക്ക് അമ്മായിയുടെ സാമ്യത്തോടെ അവതരിപ്പിക്കുന്നത്. “”ബോയിംഗ് ബോയിംഗ് സിനിമയിലെ ഡിക്ക് അമ്മായി, സുകുമാരി ചേച്ചി ചെയ്ത ക്യാരക്ടര്‍ എന്ന നിലയിലാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ച മറിയാമ്മ ടീച്ചര്‍ എന്ന കഥാപാത്രത്തെ നമ്മള് നോക്കിയിരുന്നത്. റോണക്‌സ് ആണ് മേക്കപ്പ്. റോണക്‌സ് വന്ന് ചേച്ചിനെ ഇതുവരെ കാണാത്ത നല്ലൊരു രൂപത്തിലേക്ക് ആക്കിട്ടുണ്ട്”” എന്ന് നടന്‍ കൃഷ്ണ ശങ്കര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

സിജു വിത്സന്‍, ശബരീഷ്, അല്‍ത്താഫ് സലീം, കൃഷ്ണ ശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം ചെയ്യുന്നത്. “ഇതിഹാസ”യ്ക്ക് എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 31-ന് ചിത്രം റിലീസിനെത്തും.