ധനുഷിന് നായിക രജിഷ വിജയന്‍; കര്‍ണന്‍ ആരംഭിച്ചു- ചിത്രങ്ങള്‍

“അനുരാഗ കരിക്കിന്‍ വെള്ളം” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് രജിഷ വിജയന്‍. തുടര്‍ന്നും രജിഷയുടെ വ്യത്യസ്തവും ശക്തവുമായ വേഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. ജൂണും അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സും ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ രജിഷ തമിഴ്‌ലേക്കും അരങ്ങേറിയിരിക്കുകയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജീഷ ധനുഷിന്റെ നായികയായി എത്തുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ധനുഷിന്റെ നാല്‍പ്പത്തിയെന്നാമത്തെ ചിത്രമാണ് കര്‍ണന്‍. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷന്‍സാവും ചിത്രം നിര്‍മ്മിക്കുക. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയമായ പരിയേറും പെരുമാള്‍ ഒരുക്കിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നെന്ന് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.

Read more

മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. യോഗി ബാബുവും നാട്ടി എന്ന നടരാജന്‍ സുബ്രഹ്മണ്യനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് കര്‍ണനും സംഗീതം ഒരുക്കുന്നത്.