ധനുഷ്-ഐശ്വര്യ വിവാഹമോചനം: സമവായ ശ്രമവുമായി ബന്ധുക്കളും സുഹൃത്തുക്കളും, ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ പോയത് കുഴപ്പമായെന്ന് റിപ്പോര്‍ട്ട്

പതിനെട്ടുവര്‍ഷംനീണ്ട വിവാഹബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന നടന്‍ ധനുഷിനെയും ഭാര്യയായ ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ സമവായ ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും.

2020-വരെ ഇവരുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍മുതല്‍ ഐശ്വര്യ രണ്ടുമക്കള്‍ക്കൊപ്പം പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍ ഉള്‍പ്പെടെ അടുത്തബന്ധുക്കള്‍ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സംവിധായകനും നിര്‍മാതാവുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്.

Read more

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. 2004-ലാണ് ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്. ഹൈദരാബാദില്‍ തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് ധനുഷ്. ബന്ധുക്കള്‍ സംസാരിച്ചുവെങ്കിലും അദ്ദേഹം തീരുമാനത്തില്‍നിന്നും പിന്‍മാറുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്നുള്ള സൂചന.