വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്, സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും: ദീപിക പദുകോണ്‍

ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബര്‍ മാസമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും താരദമ്പതികളുടേതായി പുറത്തു വരുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ക്ക് അറിയേണ്ടത് ദീപിക എന്നാണ് അമ്മയാകും എന്നതാണ്. അതിനിടയില്‍ ദീപിക ഗര്‍ഭിണിയാണെന്നും ചിലര്‍ പറഞ്ഞു പരത്തി. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്നാണ് ദീപിക പറയുന്നത്.

‘വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകള്‍ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യക്കുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. തീര്‍ച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയില്‍ക്കൂടി കടന്നു പോകാന്‍ അതിന് അവരെ നിര്‍ബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും.’ ദീപിക പറഞ്ഞു.

ആറു വര്‍ഷത്തെ പ്രണയമാണ് ദീപിക രണ്‍വീര്‍ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച ‘രാം ലീല’ യുടെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.