അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയില്ല: ദീദി ദാമോദരന്‍

അതിജീവിതയോട് ഇന്നസെന്റ് കാട്ടിയ അനാദരവ് മരണത്തിന്റെ വേദനക്കിടയിലും തനിക്ക് മറക്കാനോ പൊറുക്കാനോ കഴിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അച്ഛന്റെ സുഹൃത്ത് ആയിരുന്ന ഇന്നസെന്റിനെ കുറിച്ച് തനിക്കുള്ള ഓര്‍മ്മ കാന്‍സറിനെ തോല്‍പ്പിച്ച ചിരിയാണ്. കാന്‍സര്‍ ബാധിതയായിരുന്നപ്പോഴാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകുന്നത്. എങ്കിലും അതിജീവിതയോട് ഇന്നസെന്റ് ചെയ്ത തെറ്റിന് മാപ്പില്ല എന്നാണ് ദീദി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ദീദി ദാമോദരന്റെ കുറിപ്പ്:

പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എന്റെയും ഇഷ്ട നടനായിരുന്നു ഇന്നസെന്റ്. സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലത്ത് ‘ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്’ നിര്‍മ്മിച്ച ആള്‍ എന്ന ആദരവും തോന്നി. എന്റെ വിവാഹത്തിന് വീട്ടില്‍ വന്ന് ആശിര്‍വദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പിന്നെ അമ്മ പോയപ്പോള്‍ റീത്തുമായി ആദരവര്‍പ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാന്‍ ഒപ്പമിരുന്നിരുന്നു. അമ്മക്ക് പിറകെ അച്ഛനും പോയപ്പോള്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി. അച്ഛന്റെ ആവനാഴി, അദ്വൈതം, തുടങ്ങി അവസാനം എഴുതിയ യെസ് യുവര്‍ ഓണര്‍ വരെ നിരവധി സിനിമകളില്‍ ഓര്‍മ്മിക്കത്തക്ക വേഷങ്ങള്‍ ചെയ്ത നടനായും ഇന്നസെന്റ് ഓര്‍മ്മയിലുണ്ട്.

എന്നാല്‍ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓര്‍മ്മ. അതൊരു വേദനയുടെ ചിരിയാണ്. കാന്‍സറിനെ രണ്ടു തവണ തോല്‍പിച്ച ചിരി. അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. അവിടെ ഞാനായിരുന്നു ആദ്യമെത്തിയത്. ഇന്നസെന്റ് പിറകെയെത്തി. ചിരി നിലച്ച ഇടമായിരുന്നു അത്. അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളില്‍ ചിരിയുടെ ഓര്‍മ്മ പോലും എത്തി നോക്കാന്‍ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ്. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ആ കടത്തലിന്റെ ബാക്കിപത്രമാണ്. ഇന്നസെന്റിന്റെ മാത്രമല്ല, അര്‍ബുദം ജീവിതത്തില്‍ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട്.

എല്ലാം തികഞ്ഞു എന്ന് കരുതി നില്‍ക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു. മരുന്നിനേക്കാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പ്രാപ്തമാക്കുന്ന ശക്തി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, അതെത്രയും പ്രിയപ്പെട്ടതാണ്, കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം. ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്. അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ജെയിം എബ്രഹാം. കാന്‍സര്‍ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടര്‍. ഇന്നസെന്റ് രോഗം നേരിടുന്ന വേളയില്‍ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ്. വിളിച്ചപ്പോള്‍ അച്ഛന്റെ മകള്‍ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല. നേരത്തെ കാന്‍സര്‍ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു തന്നാണ് അവസാനിച്ചത്.

ആ ഫോണ്‍ വിളികള്‍ തുടര്‍ന്നു. ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം, ഞാനിത് ആരുടെ കയ്യില്‍ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോള്‍ അദ്ദേഹം അറീയിച്ചു. സ്‌നേഹത്തോടെ ക്ഷണിച്ചപ്പോള്‍ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോള്‍ ഞങ്ങള്‍. കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.

അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്‌നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാര്‍ഹമായിരുന്നു. ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല. അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി. അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനില്‍ക്കായ്ക ചിരിയ്ക്ക് വക നല്‍ക്കുന്നതല്ല. കാന്‍സര്‍ വാര്‍ഡിലെ ചിരിയായി മാറിയ ഓര്‍മ്മയിലെ സ്‌നേഹനിധിയായ ഇന്നസെന്റിന്, പ്രിയ സഖാവിന് വിട .