ആക്ഷനും ക്രിക്കറ്റുമായി ഹര്‍ഭജന്‍ സിംഗ്; 'ഫ്രണ്ട്ഷിപ്പ്' ടീസര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് നായകനാകുന്ന “ഫ്രണ്ട്ഷിപ്പ്” ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഹര്‍ഭജന്റെ ആക്ഷന്‍ രംഗങ്ങളും ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ഒരു കാമ്പസ് ചിത്രമായാണ് ഫ്രണ്ട്ഷിപ്പ് എത്തുന്നത്.

തെന്നിന്ത്യന്‍ താരം അര്‍ജുനും തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥിയും ശ്രീലങ്കന്‍ വാര്‍ത്താ അവതാരകയുമായ ലോസ്ലിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്.

ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ഡി.എം ഉദയകുമാര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. 2004ല്‍ പുറത്തിറങ്ങിയ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു.

2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന ചിത്രത്തിലും താരം വേഷമിട്ടു. ദിക്കിലൂന എന്ന തമിഴ് ചിത്രവും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. ബ്ലാക്ക്ഷീപ് എന്ന വെബ്‌സീരിസിലും താരം ഭാഗമാകുന്നുണ്ട്.