‘ഇന്ത്യയുടെ തോല്‍വി ആഘോഷിക്കാതെ, എങ്ങനെ സെമിയില്‍ കടക്കണമെന്ന് നിങ്ങളുടെ ടീമിനെ ഉപദേശിക്കൂ’; പാക് ആരാധകരോട് യോഗി ബാബു

ഇന്ത്യയുടെ ലോക കപ്പ് സെമിയിലെ അപ്രതീക്ഷിത പരാജയം ടീമിനെയും ആരാധകരെയും തെല്ലൊന്നുമല്ല സങ്കടത്തില്‍ ആഴ്ത്തിയിരിക്കുന്നത്. 240 എന്ന ലക്ഷ്യം പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് അത്രയൊന്നും വലിയ ലക്ഷ്യമല്ലായിരുന്നു. എന്നിരുന്നാലും കിവികള്‍ ഗ്രൗണ്ടില്‍ നാശം വിതച്ചപ്പോള്‍ ലക്ഷ്യത്തിനും 18 പടിയകലെ തട്ടി വീഴാനായിരുന്നു ഇന്ത്യയ്ക്ക് യോഗം. ഇന്ത്യയുടെ വീഴ്ച ന്യൂസിലാന്റിനൊപ്പം പാക് ആരാധകരും ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ പാക് ആരാധകര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ യോഗി ബാബു.

ഇന്ത്യയുടെ തോല്‍വി ആഘോഷിക്കാതെ, എങ്ങനെ സെമിയില്‍ കടക്കണമെന്ന് നിങ്ങളുടെ ടീമിനെ ഉപദേശിക്കു എന്നാണ് യോഗി കളിയാക്കലുകളോട് പ്രതികരിച്ചത്. ‘ഇന്ത്യ നന്നായി കളിച്ചു. ഞങ്ങളുടെ തോല്‍വി ആഘോഷിക്കും മുമ്പ് എങ്ങനെ സെമിയില്‍ കടക്കാമെന്ന് പാക് ആരാധകര്‍ നിങ്ങളുടെ ടീമിനെ ഉപദേശിക്കണം. തോല്‍വി ആയാലും ജയമായാലും ഞങ്ങളുടെ ടീം നിങ്ങളുടെ ടീമിനേക്കാള്‍ ഭേദമാണ്,’ യോഗി ബാബു ട്വീറ്ററില്‍ കുറിച്ചു.

ചിത്രീകരണത്തിന്റെ തിരക്കിലാണെങ്കിലും ലോക കപ്പ് മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തുന്നയാളാണ് യോഗി ബാബു. യോഗിയുടെ കോമഡി ചിത്രം ‘ഗൂര്‍ഖ’ നാളെയാണ് റിലീസ് ചെയ്യും. ‘ഗോറില്ല’ എന്ന ചിത്രത്തിലാണ് യോഗി ഇപ്പോള്‍ അഭിനയിക്കുന്നത്.