'ഇന്‍ ഹരിഹര്‍ നഗറി'ല്‍ നിന്നാണ് 'സൂക്ഷ്മദര്‍ശിനി' ഉണ്ടായത്; വെളിപ്പെടുത്തി തിരക്കഥാകൃത്തുക്കള്‍

ബേസില്‍ ജോസഫ്-നസ്രിയ ചിത്രം ‘സൂഷ്മദര്‍ശിനി’ ഉണ്ടായത് ‘ഇന്‍ ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തില്‍ നിന്നാണെന്ന് തിരക്കഥാകൃത്തുക്കളായ അതുല്‍ രാമചന്ദ്രനും ലിബിനും. സിനിമയിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയാണ്, അങ്ങനെയാണ് സൂക്ഷ്മദര്‍ശിനി എന്ന പേര് വരെ വന്നത് എന്നാണ് തിരക്കഥാകൃത്തുക്കള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സൂക്ഷ്മദര്‍ശിനി ഡിസൈന്‍ ചെയ്യുന്ന സമയത്ത് ഒരു നൈബര്‍ഹുഡ് ബേസ് സിനിമ വേണമെന്ന് എന്ന് സംവിധായകന്‍ എംസിക്ക് ധാരണയുണ്ടായിരുന്നു. അതിനാല്‍ തന്നെ ലൊക്കേഷന് വലിയ പ്രാധാന്യമുണ്ട്. മലയാളത്തിലെ പ്രധാന നൈബര്‍ഹുഡ് സിനിമകള്‍ ഏതൊക്കെയാണ് എന്നാണ് ഞങ്ങള്‍ ആദ്യം ചിന്തിച്ചത്.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ ഇതൊക്കെയാണ് മനസിലെത്തിയത്. ഇന്‍ ഹരിഹര്‍ നഗറില്‍ പണിയില്ലാത്ത 4 ചെറുപ്പക്കാരുടെ വീടിന്റെ അടുത്ത് വരുന്ന ഒരു ഫാമിലിയുടെ കഥ അടിസ്ഥാനമാക്കിയാണല്ലോ, അതില്‍ യുവാക്കള്‍ക്ക് പകരം വീട്ടമ്മമാരാക്കി. അതിലെ മായയും ഫാമിലിയും എന്നതിന് പകരം ഇതില്‍ മാനുവലും ഫാമിലിയും ആക്കി.

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ സ്റ്റഡിക്ക് സഹായിച്ചത് വടക്കുനോക്കിയന്ത്രം എന്ന സിനിമയാണ്. അതില്‍ നിന്നാണ് സൂക്ഷ്മദര്‍ശിനി എന്ന ടൈറ്റില്‍ ഉണ്ടായത്. പിന്നെ പ്രിയദര്‍ശിനിയും ബാക്കി വീട്ടമ്മമാരും ഉണ്ടായി. ഇവരുടെ വീടുകളുടെ സ്ഥാനം വരച്ച് വിഷ്വലൈസ് ചെയ്തായിരുന്നു സ്‌ക്രിപ്റ്റ് ഒരുക്കിയത്.

സിനിമയില്‍ ജിയോഗ്രഫി പ്രാധാന്യമാണ്. സിനിമയിലെ വീടുകള്‍ കണ്ടുപിടിച്ചത് തന്നെ വലിയ പ്രൊസസ് ആയിരുന്നു. പല സ്ഥലത്തും നോക്കി ഒടുവില്‍ പരസ്യം കൊടുത്തു. ഒടുവില്‍ ഷൂട്ടിന് ആറ് മാസമുള്ളപ്പോഴാണ് കറക്ടായി ഒരിടം ലഭിച്ചത് എന്നാണ് അതുല്‍ രാമചന്ദ്രനും ലിബിനും പറയുന്നത്. അതേസമയം, സൂക്ഷ്മദര്‍ശിനി 50 കോടിയും പിന്നിട്ട് തിയേറ്ററുകളില്‍ കുതിക്കുകയാണ്.