കളക്ഷന്‍ തുകയുടെ പകുതി ദുരിതാശ്വാസ നിധിയിലേക്ക്; കൈയടിച്ച് സോഷ്യല്‍ മീഡിയ

കളക്ഷന്‍ തുകയുടെ അമ്പതുശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൈയടി നേടി സിനിമ പ്രവര്‍ത്തകര്‍. “മമ്മാലി എന്ന ഇന്ത്യക്കാരന്‍” എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് തങ്ങളുടെ ചെറിയ ചിത്രത്തിന്റെ കളക്ഷന്‍ തുകയുടെ പകുതി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവയായി നല്‍കിയത്. കുറവായ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയ ഒരു സമാന്തര സിനിമയ്ക്ക് ഇത്രെയെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണെന്ന് സിനിമയുടെ സംവിധായകന്‍ അരുണ്‍ എന്‍ ശിവന്‍ പറയുന്നു.

ഹിന്ദുത്വഫാസിസം, പശുഭീകരത, പൊലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാക്കി എത്തിയ ചിത്രമാണ് “മമ്മാലി എന്ന ഇന്ത്യക്കാരന്‍”. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്ലാമോഫോബിയ ആണ് സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്.

സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം മാണ് ചിത്രത്തിലെ മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്സിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണം നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരിയിണ് . അഷ്റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.