വേണുവിനെതിരായ ഗുണ്ടാ ഭീഷണി: പ്രതിഷേധവുമായി ഛായാഗ്രഹകരുടെ സംഘടന

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘പണി’യിൽ നിന്നും ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് ഗുണ്ടാഭീഷണിയുണ്ടെന്ന് ക്യാമറാമാൻ വേണു കുറച്ചുദിവസം മുന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വേണുവിനെതിരായ ഭീഷണിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ ഓഫ് മലയാളം സിനിമ.

സിനിമയിലെ തൊഴിൽപരവും കലാപരവുമായ എതിരഭിപ്രായങ്ങളും തർക്കങ്ങളും തീർപ്പാക്കാൻ ഭീഷണിയും ഗുണ്ടായിസവുമെന്ന രീതി നല്ലതല്ലെന്നും ഇത്തരം പ്രവണതകൾ സിനിമ വ്യവസായത്തിന്റെ പൊതുനന്മയ്ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്നും സിനിമാട്ടോഗ്രാഫേഴ്സ് യൂണിയൻ പ്രസിഡന്റ് സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സുജിത്ത് വാസുദേവ് എന്നിവർ ആവശ്യപ്പെട്ടു. കൂടാതെ വേണു സ്വീകരിച്ച നിയമനടപടികൾക്ക് പിന്തുണയുണ്ടാവണമെന്നുംസംഘടന അറിയിച്ചു.

പണി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉടന്‍ തൃശൂര്‍ വിട്ടുപോകണം ഇല്ലെങ്കില്‍ വിവരം അറിയും എന്നായിരുന്നു ഭീഷണി. സംഭവത്തില്‍ വേണു പൊലീസില്‍ പരാതി നല്‍കിയിരുന്നു.