സെറ്റിൽ കയ്യാങ്കളി; ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും ക്യാമറമാൻ വേണുവിനെ പുറത്താക്കി

ജോജു ജോർജ് സംവിധായകനായി എത്തുന്ന ആദ്യ ചിത്രം ‘പണി’യുടെ ക്യാമറമാൻ സ്ഥാനത്ത് നിന്നും പ്രശസ്ത ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. ചിത്രത്തിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ നീക്കാൻ കാരണമെന്ന് ജോജു പറയുന്നു. ‘ഇരട്ട’ എന്ന സിനിമയുടെ ഛായാഗ്രാഹകൻ വിജയ് ആണ് ഇപ്പോൾ സിനിമയുടെ പുതിയ ഛായാഗ്രാഹകൻ.

ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജോജു ജോർജും വേണുവുമായി തൃശ്ശൂര്‍ പൊലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ കനത്ത വഴക്ക് ഉണ്ടാകുകയും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം പരാതിയുമായി വേണു രംഗത്തുവന്നിട്ടുണ്ട്. തൃശൂരിൽ ഹോട്ടലിൽ താമസിക്കുന്ന തനിക്കെതിരെ ചില ഗുണ്ടകളുടെ ഭീഷണിയുണ്ടെന്നും തൃശൂർ വിട്ട് പോവാൻ പറയുന്നുണ്ടെന്നും പൊലീസിൽ നൽകിയ പരാതിയിൽ വേണു പറയുന്നു.

തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയതുകൊണ്ടാണ് പുറത്താക്കുന്നത് എന്നാണ് ജോജു പറയുന്നയത്. കൂടാതെ വേണുവിന്‍റെയും സഹായികളുടെയും മുഴുവന്‍ പ്രതിഫലവും നല്‍കിയിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഇതാദ്യമായല്ല വേണു ഒരു ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ നിർമിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വേണുവിനെയായിരുന്നു. ഒടുവിൽ ചിത്രീകരണം തുടങ്ങും മുമ്പ് വേണുവിന് പകരം ഷാജി കൈലാസിനെ സംവിധായകനാക്കുകയാണുണ്ടായത്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ‘പണി’ നിർമ്മിക്കുന്നത്.