കാത്തിരിപ്പ് നീളുന്നു, ധ്രുവ നച്ചത്തിരം ഇന്നെത്തില്ല, അവസാന നിമിഷം റിലീസ് മാറ്റി!

ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ റിലീസ് വൈകും. ഇന്ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. സിനിമയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

സിനിമയുടെ റിലീസ് വൈകിയതില്‍ ഗൗതം മേനോന്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ചു. ഏറെ ശ്രമിച്ചുവെങ്കിലും ചിത്രം ഇന്ന് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗൗതം മേനോന്‍ പറഞ്ഞു. തമിഴ്നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്നാണ് വിവരം. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവ നച്ചത്തിരം ഇന്ന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്. 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്ഡേഷനുകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ പുറത്തു വന്നത്.

Read more

ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.