ലൂസിഫര്‍ അത്ര പോര, ഗോഡ് ഫാദറില്‍ ആ പിഴവുകളെല്ലാം ശരിയാക്കിയിട്ടുണ്ടെന്ന് ചിരഞ്ജീവി, രോഷാകുലരായി മലയാളി പ്രേക്ഷകര്‍

മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദര്‍’ ഇന്നെത്തും. ഇപ്പോഴിതാ ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് മലയാളി പ്രേക്ഷകരെ രോഷാകുലരാക്കിയിരിക്കുന്നത്. ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി തന്നില്ല എന്നും തങ്ങള്‍ അത് അപ്‌ഗ്രേഡ് ചെയ്തു കൂടുതല്‍ ആകര്‍ഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദര്‍ പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുമെന്നും സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ നടന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മലയാള സിനിമാപ്രേക്ഷകര്‍.

അതേസമയം, ഗോഡ്ഫാദറിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്സാണ്. വലിയ തുകയ്ക്കാണ് നെറ്റ്ഫ്‌ളിക്സ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. ലൂസിഫറിന്റെ സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈമിനായിരുന്നു. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്.

മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.