പ്രണയത്തിനും നര്‍മ്മത്തിനും ഒപ്പം പുതുതലമുറയുടെ ആവേശക്കാഴ്ചകളും; 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' തിയേറ്ററുകളിലേക്ക്

കാലങ്ങള്‍ പിന്നിട്ടിട്ടും പ്രണയത്തിന് മാറ്റമുണ്ടായിട്ടേയില്ല. പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന സാഹചര്യങ്ങളും മാധ്യമങ്ങളും മാറിയെങ്കിലും പ്രണയം അന്നും ഇന്നും ഒരു പോലെയാണ്. പ്രണയമില്ലാത്തതും നര്‍മ്മത്തിന്റെ മേമ്പൊടിയില്ലാത്തതുമായ സിനിമകളും ഇന്ന് കുറവാണ്. ഇതു രണ്ടും ഒത്തു ചേര്‍ന്നു വരുന്ന ഒരു സിനിമ പ്രേക്ഷകന് സ്വീകരിക്കാതിരിക്കാനാവില്ല. ഒപ്പം ന്യൂജനറേഷനുമായാലോ? അങ്ങനെയൊരു സിനിമയാണ് നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. അഖില്‍ പ്രഭാകര്‍,ശിവകാമി, സോനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രണയവും ഹാസ്യവും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷത്തിനു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്.