അച്ചായന്‍സിന് ശേഷം ചാണക്യതന്ത്രവുമായി കണ്ണന്‍ താമരക്കുളം: ഉണ്ണിയും ശിവദയും ശ്രുതിയും പ്രധാന വേഷങ്ങളില്‍

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദന്റെ കഥാപാത്രം നാലു വ്യത്യസ്ത ലുക്കില്‍ ചിത്രത്തില്‍ എത്തുന്നു. ജയസൂര്യ നായകനായ സു സുധി വാത്മീകത്തിലെ കല്യാണിയെന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ശിവദയാണ് നായിക.

മലയാളത്തില്‍ ശിവദ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മോഡേണ്‍ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു വലിയ കമ്പനിയുടെ സിഇഒ ആയ ശക്തമായ സ്ത്രീകഥാപാത്രമാണ് ശിവദ അവതരിപ്പിക്കുന്നത്.

ശിവദയോടൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രുതി രാമചന്ദ്രനാണ് . അനാഥയായ നാടന്‍ പെണ്‍കുട്ടിയായാണ് ശ്രുതി എത്തുന്നത്. ഉണ്ണിമുകുന്ദന്‍റെ കഥാപാത്രത്തെത്തോടൊപ്പം പ്രാധാന്യമുള്ള നെഗറ്റീവ് റോള്‍ അവതരിപ്പിക്കുന്നത് അനൂപ് മോനോനാണ്.

മലയാളസിനിമയില്‍ ആദ്യമായി അണിയറപ്രവര്‍ത്തകര്‍ നേത്രദാനത്തിന് സമ്മതപത്രം നല്‍കി ചാണക്യതന്ത്രം ടീം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ നേതൃത്തിലാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം നിര്‍മ്മാതാവ് മുഹമ്മദ് ഫൈസല്‍ തുടങ്ങി നൂറോളം അണിയറപ്രവര്‍ത്തകര്‍ സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്.

വാഗമണ്‍, കുട്ടിക്കാനം എന്നിവിടങ്ങളിലായി 13ന് ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തില്‍ സായി കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ജയന്‍ ചേര്‍ത്തല, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് നിയാസ്, അരുണ്‍, നിയാസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആടുപുലിയാട്ടത്തിന് തിരക്കഥയൊരുക്കിയ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിന്‍റെയും തിരക്കഥ രചിച്ചിരിക്കുന്നത്.