'ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പോലും വന്നേക്കാം'; വോയിസ് സര്‍ജറി ചെയ്ത് സീമ വിനീത്

വോയിസ് സര്‍ജറി ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സര്‍ജറിയിലൂടെ പൂര്‍ണമായും സ്ത്രീയായിട്ടും താന്‍ ഏറ്റവും കൂടുതല്‍ കേട്ട പരിഹാസം “”എല്ലാം കൊള്ളാം, സൗണ്ട് ആണിനെ പോലെ”” എന്നതാണ് അതിനാല്‍ ഒരുപാട് ആലോചിച്ചതിന് ശേഷം സ്ത്രീകളുടെത് പോലെ ശബ്ദം ലഭിക്കാനായി വോയിസ് സര്‍ജറി ചെയ്യുകയാണ് എന്നാണ് സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചിലപ്പോള്‍ സൗണ്ട് വരെ തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത വോയിസ് ഫെമിനൈസേഷന്‍ സര്‍ജറിയാണ് ചെയ്യുന്നത് എന്നും സീമ വ്യക്തമാക്കി.

സീമ വിനീതിന്റെ കുറിപ്പ്:

ജീവിതത്തില്‍ കുട്ടിക്കാലം മുഴുവന്‍ കേട്ട പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീചൂളയില്‍ ചവിട്ടി ജീവിതം സ്വന്തം സ്വതത്തിലേക്ക് ഇന്നിവിടെ വരെ എത്തിച്ചു ഇതിനിടയില്‍ പല വിധത്തില്‍ ഉള്ള പല കളിയാക്കലുകളും പരിഹാസങ്ങളും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ചിലപ്പോളൊക്കെ ഒന്നിനും പ്രതികരിക്കാന്‍ കഴിയാത്ത വിധം പലപ്പോഴും ഒതുങ്ങി കൂടിയിട്ടുണ്ട് പിന്നെ പിന്നെ ഒതുങ്ങി മാറി നില്‍ക്കാന്‍ മനസ്സ് അനുവദിക്കാത്ത തരത്തില്‍ മനസ്സിനെ പാകപ്പെടുത്തി.

ജീവിതത്തില്‍ ആദ്യം ആഗ്രഹിച്ച ഒരേ ഒരു കാര്യം ഒരു സ്ത്രീയായി തീരണം എന്നായിരുന്നു. പക്ഷേ അതിനു ഒരുപാട് കടമ്പകള്‍ കടക്കണം ഒരുപാട് സര്‍ജ്ജറികള്‍ വേണ്ടി വരും ഒരുപാട് കാശ് അതിനായി വേണ്ടിവരും എല്ലാത്തിനും ഉപരി എല്ലാം നേടാന്‍ ഉള്ള ഒരു കരുത്തുറ്റ മനസ്സും ശരീരവും ഉണ്ടാവുകയും വേണം ഈ പറഞ്ഞതൊക്കെ സജ്ജീകരിച്ചു, ഞാന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് നടന്നു തുടങ്ങി. സര്‍ജ്ജറികള്‍ ഓരോന്നായി ചെയ്തു അപ്പോളും വീണ്ടും വീണ്ടും ആഗ്രഹിച്ചത് ആ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കാന്‍ ആയിരുന്നു.

പലപ്പോഴും ശരീരം വലിയ വേദനകള്‍ നേരിട്ടപ്പോള്‍ ആ വേദനകള്‍ ഒന്നും സമൂഹത്തില്‍ നിന്നും നേരിട്ട പരിഹാസമെന്ന അസുഖത്തിനു മുന്നില്‍ വേദനകളല്ലാതായി മാറി. ഏകദേശം ഒരു മൂന്നു വര്‍ഷം മുന്നേ ആയിരുന്നു എന്റെ ആദ്യത്തെ സര്‍ജ്ജറി ഉണ്ടായതു. അതിനു ശേഷം ഒരു ആറുമാസത്തെ ഇടവേളയില്‍ രണ്ടാമത്തെ സര്‍ജ്ജറിയും. ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നാമത്തെ സര്‍ജ്ജറിയും വിജയകരമായി സംഭവിച്ചിരിക്കുന്നു.

ഏറ്റവും കൂടുതലായി ഞാന്‍ കേട്ട പരിഹാസമായിരുന്നു എല്ലാം കൊള്ളാം “”സൗണ്ട് എന്താണ് ആണിനെ പോലെ എന്നു”” ഒരുപാട് ചിന്തിച്ചു ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഈ വോയിസ് സര്‍ജ്ജറി Voice feminization surgery ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പോലും വന്നേക്കാം ചാന്‍സ് 50%-50% ഉള്ള സര്‍ജ്ജറി അടുത്തറിയുന്ന പലരോടും സംസാരിച്ചപ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പക്ഷേ ഞാന്‍ ഉറച്ചു നിന്നും എനിക്ക് ഇത് കൂടി ചെയ്‌തേ മതിയാവു.

അവസാനം ഇതാ അതും സംഭവിച്ചു ഒരുപാട് പേര് ഒപ്പം ഉണ്ടായിരുന്നു കൈത്താങ്ങായി എന്നും എന്റെ നെഞ്ചില്‍ ഉണ്ടാവും മരിക്കുവോളം അവരെ ഒക്കെ നമ്മള്‍ പറയില്ലേ ആരും ഇല്ലാത്തവര്‍ക്ക് ഈശ്വരന്‍ ഉണ്ടാവും എന്ന് ഒപ്പം ഉണ്ടായവരൊക്കെ ഈശ്വരന്റെ സ്ഥാനം ആണ് മനസ്സില്‍ ജീവിതം ആഗ്രഹിക്കുന്നത് പോലെ ജീവിക്കാന്‍ ഉള്ളതാണ് ഇനിയും. എന്റെ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കും…… പ്രാര്‍ത്ഥിച്ച എല്ലാവരോടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു വിവരം തിരക്കിയവരോടും ഒരുപാട് നന്ദി. സ്‌നേഹം.