'നെഗറ്റീവ'് പ്രചാരണം തോറ്റു, ഒമ്പത് ദിവസം കൊണ്ട് 17 കോടി, വിദേശമാര്‍ക്കറ്റുകളില്‍ സിബിഐയ്ക്ക് മുന്നേറ്റം

മമ്മൂട്ടി ചിത്രം സിബിഐ 5 ദ് ബ്രെയിന്‍ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടം. വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. റിലീസ് ചെയ്ത ദിനങ്ങളില്‍ 17 കോടി രൂപയാണ് വിദേശമാര്‍ക്കറ്റില്‍ നിന്നും മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച പ്രകടനമാണിത്.

സിബിഐ അഞ്ചാം ഭാഗത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും അത് ഒരു പരിധി വരെ യാഥാര്‍ത്ഥ്യമായെന്നും സംവിധായകന്‍ കെ മധു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു.

സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, അഭിനേതാക്കളായ സായ്കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അഖില്‍ ജോര്‍ജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകര്‍ പ്രസാദ് ആണ്. യുവനിരയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.